കണ്ണൂർ: ചെട്ടിയാർകുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം നീന്താനിറങ്ങി മുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.
ഒഡീഷ സ്വദേശി ആശിഷ് പ്രധാനാണ് (24) മരിച്ചത്. 21ന് രാത്രി കുളത്തിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്നലെ രാവിലെയാണ് യുവാവിനെ കുളത്തിൽ കാണാതായ വിവരം മറ്റുള്ളവർ ടൗൺ പൊലിസിൽ അറിയിച്ചത്. തുടർന്ന് കണ്ണൂർ അഗ്നിരക്ഷാസേനയിലെ അസി. സ്റ്റേഷൻ ഓഫീസർ ജിബി ഫിലിപ്പിന്റെ നേതൃത്വത്തിൽ സ്കൂബ ടീം അംഗങ്ങൾ കുളത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പിണറായി പാറപ്രത്ത് താമസിക്കുന്ന നിർമാണ തൊഴിലാളിയായ ആശിഷ് സുഹൃത്തുക്കളെ കാണാനായി കണ്ണൂരിൽ എത്തിയതായിരുന്നു. മൃതദേഹം കണ്ണൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.